Ore Mugham
Ore Mukham is an Upcoming Malayalam Movie directed by debutant Sajith Jaganathan. Starring Dhyan Sreenivasan, Prayaga Martin, Aju Varghese and Gayathri Suresh. Jayalal Menon and Anil Biswas Produces the film under the banner of Backwater Studios .Music composed by Bijibal and cinematography by Satheesh Kurup . The film is ready to release on december 2, 2016.
Click here to submit your review.
ഒരേമുഖം :പ്രേക്ഷകരുടെ മുഖത്ത് നിരാശ
സമീപകാല മലയാളസിനിമാ ബോക്സ് ഓഫീസിൽ യുവത്വത്തിന്റെയും ,സൗഹൃദത്തിന്റെയും കഥകളുമായി എത്തുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് .ഈ 2 വർഷത്തെ ബോക്സ് ഓഫീസ് പരിശോധിച്ചാൽ ഒരു വടക്കൻ സെൽഫി ,അമർ അക്ബർ അന്തോണി ,ആനന്ദം ,അടി കപ്യാരെ കൂട്ടമണി ,കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ വിജയം പ്രസ്തുത പ്രമേയത്തോടുള്ള പ്രേക്ഷക സ്വീകാര്യതയാണ് കാട്ടുന്നത് .80 - കളിലെ കോളേജ് പശ്ചാത്തലത്തിൽ നവാഗതനായ സജിത് ജഗന്നാഥൻ അണിയിച്ചൊരുക്കിയ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരേ മുഖം.. ചിത്രത്തിന്റെ ട്രെയിലറിനും ,റിലീസിന് മുമ്പ് പുറത്തിറങ്ങിയ ഗാനത്തിനും വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത് .പക്ഷെ പ്രേക്ഷകർക്ക് യാതൊരു ത്രില്ലും നൽകാതെ കടന്നുപോകുന്ന ചിത്രമായി സജിത്ത് ജഗന്നാഥന്റെ കന്നിച്ചിത്രം ഒതുങ്ങുന്നു .നിലവാരമുള്ള ഒരു കഥയെ മോശം തിരക്കഥയും , ദുർബലമായ അവതരണവും പരാജയപ്പെടുത്തുന്നത് ഒരേ മുഖം എന്ന ക്രൈം ത്രില്ലറിൽ നമുക്ക് കാണുവാൻ സാധിക്കും .
പ്രശസ്ത വ്യവസായിയായ അരവിന്ദമേനോന്റെ (അർജുൻ നന്ദകുമാർ) കൊലപാതകത്തിൽ നിന്നാണ് ചിത്രമാരംഭിക്കുന്നത് . കമ്മീഷ്ണർ അശോക് ചന്ദ്രന് (ചെമ്പൻ വിനോദ് ) അന്വേഷണചുമതല ലഭിക്കുന്നു .അമല (ജുവൽ മേരി) എന്ന പത്രപ്രവർത്തകയും സ്വതന്ത്രാന്വേഷണവുമായി കൊലയാളിക്ക് പിന്നാലെയിറങ്ങുന്നു .ഇവരുടെ 2 പേരുടെയും പ്രാഥമിക അന്വേഷണം ചെന്നെത്തുന്നത് എസ്റ്റേറ്റ് ഇരട്ടക്കൊലപാതകത്തിലെ പ്രതിയും ,പിടികിട്ടാപ്പുള്ളിയും ,കൊല്ലപ്പെട്ട അരവിന്ദ് മേനോന്റെ കോളേജ് സഹപാഠിയുമായ സക്കറിയ പോത്തനിലാണ് ( ധ്യാൻ ശ്രീനിവാസൻ) ഇവിടെ നിന്നും ചിത്രം 80 കളിലെ അവരുടെ ക്യാമ്പസ് ജീവിതത്തിലേക്ക് പോകുന്നു .
പ്രേക്ഷകർക്ക് വളരെ മികച്ച ഒരു ത്രില്ലർ പരിസരമൊരുക്കിക്കൊണ്ടാണ് ചിത്രമാരംഭിക്കുന്നത് .ചിത്രമാവശ്യപ്പെടുന്ന വേഗതയിൽ ഉദ്വേഗതയും ,ചിരിയും നിറച്ച് കൊണ്ടാണ് അദ്യപകുതി കടന്ന് പോകുന്നത് .80 കളിലെ കോളേജ് കാലഘട്ടവും ,നർമ രംഗങ്ങളും വളരെ രസകരമായിരുന്നു .കഥാപാത്രങ്ങളുടെ വർത്തമാനകാലവും ,ഭൂതകാലവും അവതരിപ്പിക്കുന്നതിന് 2 കഥാപാത്രങ്ങളെ ഉപയോഗിച്ച്കൊണ്ട് സംവിധായകൻ കഥാപാത്രനിർമിതിയിൽ കൈയ്യടി നേടുന്നുണ്ട് .2 മണിക്കൂറിൽ കുറവാണ് ചിത്രത്തിന്റെ സമയദൈർഘ്യം .
80 കളിലെ കോളേജ് കാലഘട്ടം കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരത്തിൽ മാത്രം ഒതുങ്ങിപ്പോയി എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ .ചെമ്പൻ വിനോദ് അവതരിപ്പിച്ച പോലീസ് കഥാപാത്രത്തേയും ,ജുവൽ മേരിയുടെ പത്രപ്രവർത്തകയേയും തിരക്കഥാകൃത്തുക്കൾ തിരക്കഥയുടെ പകുതിയിലുപേക്ഷിച്ചത് നിരാശയാകുന്നുണ്ട് .ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതിക്ക് ഒരു അനാവശ്യ വേഗതയും ,ഒതുക്കമില്ലായ്മയും അനുഭവപ്പെടുന്നുണ്ട് .ചിത്രത്തിന്റെ അവസാന രംഗങ്ങളും ,,ക്ലൈമാക്സുമെല്ലാം അവതരണത്തിലെ പിഴവുകൾകൊണ്ട് നിരാശയാകുന്നുണ്ട് .ബിജിപാലിന്റെ ഗാനങ്ങളും ,പശ്ചാത്തലസംഗീതവും ശരാശരിയിലൊതുങ്ങുന്നു .ഒരേ മുഖം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ പക്ഷെ പ്രശംസയർഹിക്കുന്നുണ്ട് .
കോളേജ് അടക്കിവാണിരുന്ന സക്കറിയ പോത്തൻ എന്ന കഥാപാത്രമായി കൈയ്യടി നേടാൻ ധ്യാൻ ശ്രീനിവാസന് സാധിക്കുന്നില്ല. അജു വർഗീസ് (ദാസ് ) മികച്ച കോമഡി ടൈംമിംഗുകളിലൂടെ ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്നുണ്ട് .പ്രയാഗ മാർട്ടിന്റെ ഭാമ എന്ന നായികാ കഥാപാത്രത്തിന് ചിത്രത്തിന്റെ കഥാഗതിയിൽ വലിയ പ്രാധാന്യമില്ലെങ്കിലും ,മോശമാക്കിയില്ല .മണിയൻപിള്ള രാജൂ ,രൺജി പണിക്കർ ,സ്നേഹ ,ഗായത്രി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
ചുരുക്കത്തിൽ വലിയ ത്രില്ലൊന്നുമേകാതെ കടന്ന് പോകുന്ന ഒരു ത്രില്ലർ ചിത്രമാണ് ഒരേ മുഖം .ക്യാമ്പസ് ചിത്രങ്ങളിലെ സ്ഥിരം ക്ലീഷേകളും സംവിധായകൻ ഉപേക്ഷിച്ചിട്ടില്ല എന്നുള്ളതും ഖേദകരമാണ് .നിലവാരമുള്ള ഒരു കഥയെ മോശം തിരക്കഥയും , ദുർബലമായ അവതരണവും ങ്ങനെയാണ് പരാജയപ്പെടുത്തുന്നത് എന്നതിന്റെ ഏറ്റവും പുതിയ സിനിമ വെർഷനാണ് ഒരേമുഖം .അമിതപ്രതീക്ഷകളില്ലെങ്കിൽ ഒരു പക്ഷെ ആസ്വദിക്കാൻ സാധിച്ചേക്കും .....................